Our Latest Events

Nullam volutpat nisi leo eu dictum

banner

18 JanJan-2019

Save alappad

ആലപ്പാട് എന്ന തീരദേശ ഗ്രാമത്തിന്റെ തേങ്ങൽഒരു ദേശം മുഴുവൻ പ്രളയത്തിൽ വെള്ളത്തിലാഴ്ന്നപ്പോൾ, യാതൊരു പ്രതിഫലേച്ഛയും കൂടാതെ കൈയും മെയ്യും മറന്ന്, ഊണും ഉറക്കവും ഉപേക്ഷിച്ച്, ഉപജീവനമാർഗം പോലും പാതിവഴിയിൽ നിർത്തി, നാടിനെ പുനരുജ്ജീവിപ്പിച്ച മത്സ്യത്തൊഴിലാളികളെ ഈ അടുത്തകാലത്തൊന്നും മലയാളികളെന്നല്ല, ലോകജനത മറക്കാനിടയില്ല.നമുക്കൊരാപത്തു വന്നപ്പോൾ നമ്മളെ രക്ഷിച്ചവരെ, അവർക്കൊരാസിപത്ത് വരുമ്പോൾ നമ്മളാൽ ചെയ്യാൻ കഴിയുന്നത് ചെയ്തുകൊടുക്കുക എന്നത് കടമ എന്നതിലുപരി മനുഷ്യത്വമാണ്.ആലപ്പാട്.കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്ക് അടുത്തുള്ള തീരപ്രദേശമാണ് ആലപ്പാട്.1955 ലെ കേരള ഗവണ്മെന്റിന്റെ ലിതോ ഭൂപട പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററോളം ഉണ്ടായിരുന്ന ആലപ്പാട് ഇന്ന് 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു.അതായത് കടലിനേയും കായലിനെയും വേർതിരിച്ചു നിർത്തുന്ന ഭൂമിയുടെ അകലം ഏകദേശം 33 മീറ്ററുകൾക്ക് അടുത്തായിട്ട് മാറിക്കഴിഞ്ഞു.🔻 ഇതിനുള്ള കാരണം വ്യക്തമാക്കാം.1965 മുതൽ വ്യാപകമായി കരിമണൽ ഖനനം നടത്തപ്പെടുന്ന പ്രദേശമാണിത്.പൊതുമേഖലാ സ്ഥാപനങ്ങൾ അശാസ്ത്രീയമായി നടത്തിവരുന്ന സർഫസ് മൈനിങ്, സീ വാഷിങ് എന്നീ പ്രക്രിയയിലൂടെ അതിവേഗം തീരം കടലെടുക്കുകയാണ്.വ്യാപകമായി ഖനനം നടത്തിയതിലൂടെ ഇതുവരെ 20000 ഏക്കറോളം ഭൂപ്രദേശമാണ് കടലായി മാറിയത്. ഇതുമൂലം 5000ത്തോളം കുടുംബങ്ങൾ ഭൂരഹിതരായി മാറി. കുറെയധികം ആളുകൾ ജീവിതമാർഗമില്ലാതെ പിറന്ന നാടിനെ ഉപേക്ഷിച്ചു പോകേണ്ടി വന്നു. ലക്ഷദ്വീപിനെയും ദേശീയ ജലപാതയേയും വേർതിരിക്കുന്ന വെറുമൊരു മണൽ വരമ്പായി (ബഫർ സോൺ) ആലപ്പാട് മാറിതുടങ്ങിയിരിക്കുന്നു. ഈ ചൂഷണങ്ങൾക്കെതിരെ വർഷങ്ങളായി ആലപ്പാട് ഗ്രാമീണർ സമരം നടത്തുകയാണ്. ഇപ്പോഴത് നിരാഹാരസമരത്തിലേക്ക് കടന്നിരിക്കുന്നു.🔻 എന്തിന് വേണ്ടിയാണ് ഈ സമരം ?20000 ഏക്കറോളം ഭൂമിയാണ് ഖനനം മൂലം കടലെടുത്തത്. പൊന്മന എന്ന ഗ്രാമത്തിൽ നിന്നും 1600ലേറെ കുടുംബങ്ങൾ പലായനം ചെയ്തു. 5000ലേറെ കുടുംബങ്ങൾ ഭൂരഹിതരായി. നിരവധി പേർ ഭവനരഹിതരായി കഴിയുന്നു. ഖനനം ഈ നിലയ്ക്ക് തുടർന്നാൽ അവശേഷിക്കുന്ന ഭൂമി കൂടെ നഷ്ടമാകും തുടർന്ന് കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാത കടന്നു പോകുന്ന T.S കനാൽ കടലായി മാറും.സമീപഭാവിയിൽ തന്നെ സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശങ്ങളായ ഓണാട്ടുകര, അപ്പർ കുട്ടനാട്, ലോവർ കുട്ടനാട്, തുടങ്ങിയ കാർഷിക ജനവാസ മേഖല മുഴുവനായും ഉപ്പുവെള്ളം കയറി നശിക്കും. തുടങ്ങി, ഒരു ഗ്രാമം മുഴുവൻ കടലിലേക്ക് ചേർന്ന് പോകുന്ന തീവ്രമായ ദുരന്തത്തിന് വഴിയൊരുക്കാതിരിക്കാനാണ് രാവും പകലുമില്ലാതെ ഒരു ജനത സമരപോരാട്ടം നടത്തുന്നത്.ഒരു ഗ്രാമം തന്നെ ഇല്ലാതെയാകാൻ പോവുകയാണ്. ആലപ്പാടിന്റെ അവസ്ഥ അത്രമേൽ ഗുരുതരമാണ്. എന്നിട്ടും അധികാരികളും മാധ്യമങ്ങളും മൗനം പാലിക്കുകയാണ്. വിഷയത്തെ പുറംലോകം ചർച്ച ചെയ്യാൻ അനുവദിക്കാതെ കോർപ്പറേറ്റുകൾ കുഴിച്ച അതേ കുഴിയിലിട്ട് മൂടാൻ ശ്രമിക്കുകയാണ്. സമരം അവസാനിപ്പിച്ചു പോകുവാൻ കോർപ്പറേറ്റുകൾ ഉൾപ്പെടെ പല തരത്തിലുള്ള ന്യായീകരണങ്ങൾ നിരത്തുന്നുണ്ട്. ഐക്യദാർഢ്യം പ്രഖ്യാപിച്ചു കടന്നു വരുന്നവരെ ഉൾപ്പെടെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.കടലും കായലും ഒന്നായി മാറിയാൽ കേരളം മറ്റൊരു ദുരന്തത്തിലേക്ക് കടക്കും അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. കൊള്ളലാഭം മാത്രം സ്വപ്നം കണ്ടുറങ്ങുന്ന കോർപ്പറേറ്റിന്റെ കൊഴുപ്പ് വറ്റാത്തവർക്ക് സാധാരണക്കാരന്റെ ദുരിതവും യാതനകളും മനസിലാക്കാൻ കഴിയില്ല. പുതിയ മേഖലകളിലേക്ക് ഖനനം വ്യാപിപ്പിക്കുവാനുള്ള നീക്കം ഇതിനോടകം പൊതുമേഖലാ സ്‌ഥപനങ്ങൾ തുടങ്ങി കഴിഞ്ഞു. വൈകാരികമായ സമീപനത്തിലുപരി കുറഞ്ഞ സമയത്തിനുള്ളിൽ ഈ വിഷയത്തെ നാം ഏറ്റെടുത്ത് ഒന്നിച്ചു നിന്ന് പ്രതിരോധം തീർക്കുന്ന പ്രായോഗികമായ സമീപനത്തിനാണ് ഇവിടെ പ്രാധാന്യം.കേരളം പ്രളയത്തിൽ മുങ്ങി താണപ്പോൾ കൈ പിടിച്ചുയർത്താൻ ഓടിയെത്തിവരിൽ ആലപ്പാട്ടെ മത്സ്യതൊഴിലാളികളുമുണ്ടായിരുന്നു.ഇന്ന് അവരുടെ നിലനിൽപ്പ് ഭീഷണിയിലായിരിക്കുമ്പോൾ നമുക്കെങ്ങനെ നിശ്ശബ്ദമായിരിക്കാൻ സാധിക്കും. പ്രളയം വന്നപ്പോൾ പോലും സ്വയം കൺട്രോൾ റൂമുകളായി മാറിയ നമുക്ക് മറ്റൊരു ദുരന്തം വരുന്നതിന് മുമ്പ് തന്നെ അതിനെ പ്രതിരോധിച്ചു നിർത്താൻ കഴിയില്ലേഒപ്പമുണ്ടാകണം..ആലപ്പാട്ടെ ജനതയ്ക്ക് നമ്മളെ ആവശ്യമാണ്

12 NovNov-2018

തണൽ ഭവനം

ഇനി രാത്രിയിൽ പത്തനംതിട്ട നഗരത്തിൽ അവിചാരിതമായി വന്നെത്തിപ്പെടുന്ന പുരുഷൻമാരും സ്ത്രീകളും പേടിക്കേണ്ട. സ്ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ കൂടണയാൻ ചന്ദനപ്പള്ളിയിൽ തണൽ ഭവനം ഇന്നു മുതൽ ഉണർന്നിരിക്കും.പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ചന്ദനപ്പള്ളി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന പദ്ധതിയാണിത്. സൗജന്യഭക്ഷണം ലഭിക്കും. അന്തേവാസികൾക്ക് അടുക്കള ഉപയോഗിക്കുകയും ചെയ്യാം.ടിവിയും മുഴുവൻ സെക്യൂരിറ്റിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളും തണൽ ഭവനം ഒരുക്കിയിട്ടുണ്ട്.ഒരാൾക്കു തുടർച്ചയായി മൂന്നു ദിവസമാണ് ഇവിടെ കഴിയാനാവുക. സ്വന്തമായി സുരക്ഷിത താവളങ്ങൾ ഇല്ലാത്തവർക്കും രാത്രി നഗരത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്കും തണൽ ഭവനം തുണയാവും.

11 NovNov-2018

തണൽ മാസിക

മാനവ സേവ, മാധവ സേവ ജാതി-മത-വർണ്ണ- ലിംഗ വ്യത്യാസമില്ലാതെ, അശരണരെയും ആലംബഹീനരെയും സഹായിക്കുക എന്ന ലക്ഷ്യത്തിൽ ചന്ദനപ്പള്ളി ആശയ ചാരിറ്റബിൾ ട്രസ്റ്റ് കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തിച്ചു വരുന്നു. സമൂഹത്തിൽ താങ്ങും തണലുമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആവശ്യമായ താമസ-ഭക്ഷണ-വൈദ്യ സഹായങ്ങളും ഞങ്ങൾ നൽകി വരുന്നു.കൂടാതെ വിവിധ ആശുപത്രികളിൽ നിർധനരായ രോഗികൾക്ക് അന്നദാനവും നടത്തി വരുന്നു. കേവലം ചാരിറ്റി മേഖലയിൽ മാത്രം ഒതുങ്ങാതെ, പ്രക്യതിയെപ്പറ്റിയും അതിനെ ചൂഷണം ചെയ്യാതെ സംരക്ഷിക്കുന്നതിനെപ്പറ്റിയും ജനങ്ങളെ ബോധവാമ്മാരാക്കുക എന്ന ലക്ഷ്യമാണ് തണൽ എന്ന മാസികയിലൂടെ ഞങ്ങൾ സ്വപ്നം കാണുന്നത്. കൂടാതെ മാറാരോഗങ്ങളെപ്പറ്റിയുള്ള അവബോധവും, അവയെ എങ്ങനെ തടയണം എന്ന നിർദേശങ്ങളും, വന സംരക്ഷണവും ജലസംരക്ഷണവും, നല്ല കഥയും കവിതയുമെല്ലാം ചേർത്ത്, ജനഹൃദയങ്ങളിൽ പ്രക്യതി യെക്കുറിച്ചുള്ള അറിവിന്റെയും സന്തോഷത്തിന്റെയും വെളിച്ചം വീശുവാൻ കാരണമാകുന്ന ഈ മാസിക പ്രസിദ്ധീകരിക്കുന്നതിൽ ഏറെ സന്തോഷിക്കുന്നു. മറ്റു ശാഖകളൊ, പിരിവുകളോ, സോഷ്യൽ മീഡിയിലൂടെയുള്ള അനാവശ്യ പബ്ലിസിറ്റികളോ ഞങ്ങൾക്കില്ല.എല്ലാ വിവരങ്ങളുമടങ്ങിയ ഞങ്ങളുടെ വെബ്സൈറ്റിലൂടെ മാത്രം കൂടുതൽ അറിയുവാൻ സാധിക്കുന്നതാണ്. ജാതി-മത വ്യത്യാസമില്ലാതെ ഞങ്ങളോടപ്പം പ്രവർത്തിക്കുന്ന, എല്ലാ ജില്ലകളിലുമുള്ള സുമനസ്സുകളായ പ്രവർത്തകർ തരുന്ന സാമ്പത്തിക സഹായവും കരുതലുമാണ് നാളിതുവരെ ഞങ്ങൾക്ക് ഊർജ്ജം പകരുന്നത് എന്നതും നന്ദിയോടെ ഓർക്കുന്നു. തുടർന്നും ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാനും സഹായ സഹകരണങ്ങൾ നൽകി ഞങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഏവരോടും വിനയപൂർവ്വം അഭ്യർത്ഥിച്ചുകൊണ്ട് ഈ മാസിക സമർപ്പിക്കുന്നു. പ്രസിഡന്റ് മിനി ബ്ലസ്സി

11 OctOct-2018

Social works

ട്രസ്റ്റിന്റെ നേത്യത്ത്വത്തിൽ പ്രളയം ബാധിച്ച സ്ഥലങ്ങളിൽ സഹായം നൽകി

12 SepSep-2018

Social works

14 ജില്ലകളിൽ നിന്ന് അപേക്ഷകൾ നൽകിയ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായങ്ങൾ. പഠനോപകരണങ്ങൾ അർഹരായ കുഞ്ഞുങ്ങൾക്ക് നൽകി.

05 JunJun-2018

Social works

പരിസ്ഥിതി ദിനത്തിനോടു അനുബന്ധിച്ച് 5000 വൃക്ഷ തൈകൾ എല്ലാ മെമ്പഴ്സിന്റെയും ഭവനത്തിൽ കൊണ്ടു ചെന്നു നട്ടു കൊടുത്തു

15 SepSep-2018

സൗജന്യ വാഹന സൗകര്യം

പത്തനംതിട്ട ജില്ലയിൽ രോഗത്താൽ ഭാരപ്പെടുന്നവരും. ഡയാലിസിസ് ചെയ്യുന്നവരുമായ. നിർദ്ധനരായ രോഗികൾക്ക്. സൗജന്യമായി വാഹന സൗകര്യം നൽകി വരുന്നു.

05 JunJun-2018

തണൽ മാസിക

നാളിതുവരെ ചാരിറ്റിമേഖലയിൽ മാത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന. ചന്ദനപ്പള്ളി ആശ്രയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന പുതിയ സംരഭമാണ് തണൽ എന്ന മാസിക.സമൂഹത്തിനും നാടിനും നന്മ പ്രദാനം ചെയ്യുന്നതോടപ്പം. പരിസ്ഥിതിയെ സ്നേഹിക്കുവാനും ഭൂമിയിലെ അളവറ്റ സമ്പത്തുകളെ സംരക്ഷിക്കുവാനും പ്രക്യതിയെ ചൂഷണം ചെയ്യുന്ന പ്രവണത തടയുന്നതിനും മനുഷ്യ മനസ്സുകളെ ബോധവൽക്കരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വൃക്ഷങ്ങളും. പ്രകൃതിയുടെ മറ്റു വിഭവങ്ങളും സംരക്ഷിക്കാൻ കടപ്പെട്ടവരാണ് നമ്മൾ.അവയെ സംരക്ഷിക്കാതെ. ചൂഷണം ചെയ്യുന്നതുമൂലമാണ് നാം ഇന്നനുഭവിക്കുന്ന പ്രകൃതി ക്ഷോഭങ്ങൾ.ദുരന്തങ്ങൾ വന്നിട്ട് വിലപിക്കുന്നതിനെക്കാൾ. അവ വരാതെ നോക്കുന്നതല്ലേ നല്ലത്. ഭക്ഷണം.പാർപ്പിടം.വസ്ത്രം തുടങ്ങി മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കാനാവശ്യമായ എല്ലാം സംരക്ഷിക്കുവാനായി നമ്മുക്കൊരുമിച്ച് കൈകോർക്കാം ....... പ്രകൃതിയെ സംരക്ഷിക്കാം....... വരും തലമുറയ്ക്കായ് കരുതാം....... നല്ലൊരു നാളെയെ കെട്ടിപ്പടുക്കാം. ഏവർക്കും ഐശ്വര്യങ്ങൾ നേർന്നുകൊണ്ട് ഈ മാസിക സവിനയം സമർപ്പിച്ചുകൊള്ളുന്നു.

28 FebFeb-2018

28 FebFeb-2018

visiting

"അന്നദാനം മഹാ ദാനം". വീണ്ടും ഒരു കാനനയാത്ര. കോന്നി-കൊക്കാത്തോട് ആദിവാസി കോളനിയിലേക്ക്. വിശപ്പിനു വേണ്ടി ആദിവാസികൾ പീഡിപ്പിക്കുന്ന ഈ സമയത്ത് കൊക്കാത്തോട്ടിലെ ആദിവാസികളെ സന്ദർശിക്കാനും അവരെ സഹായിക്കാനും സർവശക്തനായ ദൈവം വീണ്ടും ഞങ്ങൾക്ക് കൃപ നൽകി. ഞങ്ങളുടെ വാഹനം കണ്ടപ്പോൾ അവരിൽ ചിലർ സന്തോഷ പൂർവം ഞങ്ങളെ സ്വീകരിക്കാൻ ഓടിയെത്തി.... ഇത്തവണ ആ ദേശത്തെ ആശാ പ്രവർത്തകയായ ചേച്ചിയും ഞങ്ങളോടൊപ്പം കൂടി, ആദിവാസികളുടെ വീടുകളിൽ (വീടുപോലെ തോന്നിക്കുന്ന നീല ടാർപ്പാളിൻ വലിച്ചുകെട്ടിയ കൂര) കൊണ്ടുപോയി..... മുമ്പ് ഞങ്ങൾ അവടെ ചെന്നപ്പോൾ കണ്ട അമ്മയെയും കുഞ്ഞിനെയും കാണാൻ നിർഭാഗ്യവശാൽ സാധിച്ചില്ല.... സന്ദർശകരെ ഭയന്ന് കൈക്കുഞ്ഞുമായി ആ അമ്മ കൊടും കാട്ടിലേക്ക് പോയി.... ആ കുഞ്ഞിനും അമ്മയ്ക്കും വേണ്ടി ഞങ്ങൾ കൊണ്ടുപോയ സമ്മാനങ്ങളും വസ്ത്രങ്ങളും അവരുടെ ബന്ധുവിനെ ഏല്പിച്ചു.... എല്ലാവർക്കും ഒരു മാസത്തേക്കുള്ള അരിയും ഉപ്പും പയറും, അവർക്ക് ആവശ്യമുള്ള വസ്ത്രങ്ങളും പാത്രങ്ങളും ഗ്ലാസുകളും നൽകി മടങ്ങി.... ഞങ്ങൾ മടങ്ങുമ്പോൾ അവരിൽ ചിലർ ഞങ്ങളുടെ വാഹനത്തിനരികിൽ വന്ന് തൊഴു കൈയോടെ നിന്നു. വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ നന്ദി പറയാനും കൈവീശി റ്റാറ്റാ തരാനും അവർ മറന്നില്ല.....

26 FebFeb-2018

Article

കുറേ മാസങ്ങൾക്ക് മുൻപ വീട്ടിലൊട്ടു ഉള്ള യാത്രയിൽ ഞാൻ ട്രെയിനിൽ കണ്ട ഒരു അപ്പച്ചൻ ആണിത്. ത്രിശൂർ സ്റ്റേഷൻ നിന്നാണ് കയറിയത്. ടിക്കറ്റ് പോലും എടുത്തോ എന്ന് അറിയില്ല. മുഷിഞ്ഞ വേഷം, പാറി പറക്കുന്ന മുടിയും, താടിയും. ഉടുത്തിരുന്നതു ഒരു ചാക്കായിരുന്നു. മുഷിഞ്ഞ കൈയിലി മുണ്ട് തോളത്തു ഉണ്ടായിരുന്നു. കുളിച്ചിട്ടു ദിവസങ്ങൾ ആയിരിക്കണം. ചെറുതായി ദുർഗന്ധം ഉണ്ടായിരുന്നു. ഒട്ടിയ വയറും. ആരെയും ശ്രദ്ധയ്ക്കാതെ ഇരിക്കുന്നു. കൈയിൽ ഒരു പ്ലാസ്റ്റിക് കിറ്റ്‌ ഉണ്ട്. അതിൽ ഭക്ഷണ അവശിഷ്ടങ്ങൾ ആണെന് തോന്നുന്നു. വ്യക്തം ആയിട്ട് കാണാൻ ആയില്ല. എനിക്ക് വല്ലാതെ സങ്കടം ആയി. എന്റെ അപ്പയുടെ പ്രായം ഉള്ളു. മറ്റുള്ളവർ അറപ്പൊടും, നിക്രിഷ്ട ജീവിയെ നോക്കുന്ന പോലെ കാണുന്നു. ചില്ലറ മുഴുവൻ തപ്പിയെടുത്തു അടുത്ത് ഇരുന്ന ചേച്ചിക്ക് ആ ചില്ലറ കൊടുത്ത ₹50 നോട്ട് ആക്കി എടുത്തു. എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റേഷൻ ആകാറായപ്പൊൽ ഞാൻ പതുക്കെ ചെന്ന് അപ്പച്ചാ എന്ന് വിളിച്ചു. കണ്ണടച്ച് ഇരുന്ന ആ അപ്പച്ചനെ കുറേ തോണ്ടി വിളിച്ചിട്ട് ആണ് കണ്ണ് തുറന്നതു. എന്റെ കൈയിൽ ഉള്ള ആ ₹50 നോട്ട് നീട്ടി ഇതു പിടിച്ചോ. അപ്പച്ചനു ഭക്ഷണം വാങ്ങി കഴിക്കാം എന്ന് പറഞ്ഞു. വേണ്ട എന്ന് എന്നോട് പറഞ്ഞു. സംസാരിക്കാൻ പോലും കഴിയുന്നില്ലരുന്നു. വാർദ്ധക്യം ആയെങ്കിലും അഭിമാനം ചിലപ്പോൾ സമ്മതിക്കുന്നിലയിരിക്കാം. എങ്കിലും ഞാൻ പറഞ്ഞു എന്റെ അപ്പയുടെ പ്രായം ഉള്ളു. അത്കൊണ്ട് ഇതു പിടിച്ചോ എന്ന് പറഞ്ഞു ആ അഴുക്കു നിറഞ്ഞ കൈക്കു ഉള്ളിൽ വെച്ചു കൊടുത്തു. അവിടുന്ന് ഇറങ്ങി വീട്ടിൽ എത്തി. ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പൊൽ ആണ് ആലോചിച്ചത് അയ്യോ കൈ ശെരിക്കും സോപ്പ് ഇട്ടു കഴുകിയില്ലല്ലോ. ആ അപ്പച്ചനെ തോണ്ടി വിളിചതല്ലെന്..?? നെവർ മൈൻഡ് ഇറ്റ് എന്ന് കരുതി ഭാര്യ ഉണ്ടാക്കി വെച്ച ചോറും കറിയും കൂട്ടി ചോറുണ്ടു. ബാക്ക്റ്റീരിയയൊ എന്ത് കുന്തം ആണേലും ഉള്ളിൽ പൊയിട്ടു രോഗം വരുവാണേൽ വരട്ടെ. ഒരു നല്ല കാര്യം ചെയ്തത് അല്ലെ, അല്ല പിന്നെ. ഭക്ഷണം മോഷ്ടിച്ചു എന്ന് പേരിൽ ഒരുവന്നെ കൊന്നു കളയാതെ അവനു ഒരു നേരത്തെ ആഹാരം വാങ്ങി കൊടുത്താൽ അതായിരിക്കും വല്ല്യ പുണ്യം. സഹജീവികലൊടു ഉള്ള കാരുണ്യം അതാണ് വേണ്ടത്. ദൈവാനുഗ്രഹവും.

22 FebFeb-2018

visiting

"മാനവ സേവ മാധവ സേവ". പത്തനംതിട്ടയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്ത് കോന്നി കൊക്കാത്തോട് കാട്ടാമ്പാറയിൽ, ഗോത്രവർഗ്ഗമായ മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട സുനിത എന്ന പെൺകുട്ടിയും ഏഴു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും സന്ദർശിക്കാൻ ഒരു യാത്ര പോയി. നാല് കാലിൽ കെട്ടി കീറിയ ടാർപ്പാകളിട്ട വീടെന്ന് വിളിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഒരു കൂര. മുള വെട്ടി നിരത്തി അതിൽ പഴയ ഒരു സാരിയും വിരിച്ച് അമ്മയും കുഞ്ഞും (ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം കീറ്റ് ശീലയിൽ പൊതിഞ്ഞ കുഞ്ഞിനെ അമ്മയോടൊപ്പം കണ്ടു). ഒരു കലം കഞ്ഞി രണ്ടു തവികൾ. തികച്ചും ശുചിത്വമില്ലാത്ത ചുറ്റുപാടിൽ കഴിയുന്ന ജനങ്ങൾ. നമുക്കൊക്കെ സ്വന്തമെന്ന് പറയാൻ ഒരു പേരെങ്കിലുമുണ്ട്. അവർക്ക് സ്വന്തമായി ഒരു പേരു പോലുമില്ല.  ഊരില്ല, പേരില്ല, പണമില്ല, പദവികളില്ല, പടയാളികളില്ല, പരിഭവമില്ല, പിണക്കമില്ല, പട്ടിണിയുണ്ടെങ്കിലും പറയാൻ യാതൊന്നുമില്ല. മനുഷ്യർക്ക് ഭൂമിയിൽ ഇങ്ങനെ ഒരവസ്ഥയുണ്ടോ ദൈവമേ!!!!? ഇന്നലെ രാത്രിയിൽ അവിടെ ആനയുടെ ശല്യമുണ്ടായി എന്ന് അവർ പറഞ്ഞു. കഴിഞ്ഞയാഴ്ച അവരുടെ പട്ടിയെ പുലി പിടിച്ചു. കാട്ടു പന്നിയുടെ ശല്യം മൂലം കൃഷി ചെയ്യാനും സാധിക്കില്ല. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും സ്ഥലമില്ല. പൊതുവെ തണുപ്പായതിനാൽ അവർ തീ കൂട്ടിയാണ് രാത്രി കഴിച്ചുകൂട്ടുന്നത്. തണുപ്പകറ്റാൻ ഒരു പുതപ്പു പോലുമില്ല. എന്തൊക്കെ ആവശ്യമുണ്ട് എന്ന് ചോദിച്ചു. "ഞങ്ങൾക്ക് ഒന്നുമില്ല, എന്തു തന്നാലും വാങ്ങും" എന്നു പറഞ്ഞു. ഒരു നൈറ്റിയും കുറച്ചു അരിയും മാത്രമാണ് അവർ എന്നോട് ആവശ്യപ്പെട്ടത്. അവർക്കു വേണ്ടുന്ന സഹായങ്ങളും പ്രാർത്ഥനയും നടത്തി അവിടെ നിന്നും യാത്ര തിരിച്ചപ്പോൾ അവരുടെ നിറകണ്ണുകളിൽ വീണ്ടും വരുമോ എന്ന പ്രതീക്ഷയും കണ്ടു. ഇനിയും വരാം എന്നു പറഞ്ഞപ്പോൾ അവർ പുഞ്ചിരിയോടെ ഞങ്ങളെ യാത്രയാക്കി. പിന്നീട് ഫോറസ്റ്റ് ഗാർഡിനെക്കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. പൊതുവെ മലമ്പണ്ടാരങ്ങൾ ഒരേ സ്ഥലത്ത് താമസിക്കുന്നവരല്ല. കാടുകളിൽ അലഞ്ഞു ജീവിക്കുന്നവരാണ് എന്ന് ഫോറസ്റ്റ് ഗാർഡ് പറഞ്ഞു തന്നു. താമസിക്കുന്നിടത്ത് ഒരു മരണം നടന്നാൽ ആ സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകും. ചിലർക്ക് ഫോറസ്റ്റ് ഡിപ്പാർട്മെന്റിലെ ഏറ്റവും താഴെ കിടയിൽ ഉള്ള ജോലിയുണ്ട്. അവർ മാത്രം സ്ഥിരമായി ഒരു സ്ഥലത്ത് താമസിച്ചിരുന്നു. കേരള ഗവൺമെന്റിന്റെ ആദിവാസികളുടെ ലിസ്റ്റിൽ ഇവരുടെ എണ്ണം വളരെ കുറവയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ആരാലും ശ്രദ്ധ കിട്ടാതെ കിടക്കുന്ന ആളുകളാണ് ഇവർ. ഇവർക്ക് സഹായം ചെയ്യാനായി അടുത്ത ആഴ്ച വീണ്ടും ഈ കാടു കയറാൻ ആഗ്രഹിക്കുന്നു.... വീട്ടിൽ ഒരു നേരം അനാവശ്യമായി കളയുന്ന ഭക്ഷണം ഉണ്ടെങ്കിൽ ഇവരെപ്പോലെയുള്ളവരെ ഒരു ദിസവം ഊട്ടിക്കാം. ആഡംബരമായ വസ്ത്രങ്ങളും ധൂർത്തടിക്കുന്ന പണവും നഷ്മാക്കാതെ ഇങ്ങനെയുള്ളവരുടെ വയറു നിറയ്ക്കാൻ ഉപയോഗിക്കുന്നുവെങ്കിൽ അതായിരികും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യ പ്രവൃത്തി. സഹായിക്കാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക. ഞാൻ വീണ്ടും അവിടെ പോകുന്നുണ്ട്. ഇനിയുള്ള നമ്മുടെ ഉല്ലാസയാത്രകൾ ഈ കാടുകളിലേക്ക് ആക്കിയാൽ കാനന ഭംഗി ആസ്വദിക്കുക മാത്രമല്ല അതൊരു തീർത്ഥാടന യാത്രയായിമാറും എന്ന കാര്യത്തിൽ സംശയം വേണ്ട. ഈശ്വര കൃപ ലഭിക്കും. നിശ്ചയം.